ന്യൂഡൽഹി: മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപ് സമൂഹമായ സെയ്ഷെൽസിലേക്ക് തിരിച്ചു. സെയ്ഷെൽസ് ദേശീയ ദിനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
ഇന്ത്യൻ സായുധ സേനാംഗങ്ങളുടെ പ്രത്യേക സംഘവും സെയ്ഷെൽസ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമാകും. സന്ദർശനത്തിനിടെ സെയ്ഷെൽസ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും. കൂടാതെ അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
തിങ്കളാഴ്ച സെയ്ഷെൽസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. അടുത്തയാഴ്ച ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്നുണ്ട്. ഈ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യം.